അട്ടേങ്ങാനം: ബേളൂർ ഗവ. യുപി സ്കൂളിലെ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ചെണ്ടമേളം അഭ്യസിക്കുന്ന വിദ്യാർഥികളുടെ അരങ്ങേറ്റം ബേളൂർ ശിവക്ഷേത്രത്തിൽ നടന്നു. വാദ്യകലാകാരൻ ഉപ്പിലിക്കൈ മണികണ്ഠ മാരാരുടെ കീഴിൽ മേളം അഭ്യസിക്കുന്ന എൻ. ദേവനന്ദ്, അഭിഷേക്, അർഷിത് അഭിലാഷ്, ഗൗരിഷ്, മൃജുൽ രാജ് രാംചരൺ തേജ്, സാരംഗ്, ലോഹിത്ത്, കൃഷ്ണദേവ്, ദേവനന്ദ്, ആദിനാഥ്, ശ്രീദേവ്, അഭയ് ദേവ്, യദുനന്ദ് എന്നിവരാണ് പഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിച്ചത്.
മുതിർന്ന വാദ്യകലാകാരന്മാരും പക്കമേളത്തിൽ അണിനിരന്നു. പഞ്ചാരിയിൽ അഞ്ച് കാലങ്ങൾ കൊട്ടിക്കയറിയ കുട്ടികളുടെ മേളാവതരണം ശ്രദ്ധേയമായി. ക്ഷേത്രകമ്മിറ്റിയുടെയും സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മണികണ്ഠ മാരാരെ പൊന്നാടയണിയിച്ച് സ്നേഹോപഹാരം നൽകി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മുഖ്യാധ്യാപകൻ എം. രമേശൻ, പിടിഎ പ്രസിഡന്റ് ഹരീഷ് കുമാർ, ക്ഷേത്രം പ്രസിഡന്റ് കെ. തമ്പാൻ നായർ, സെക്രട്ടറി പി. അശോകൻ, പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.